അബ്ദുറഹീം കൊലപാതകം; കോണ്‍ഗ്രസ്സില്‍ നേതാക്കളുടെ കൂട്ടരാജി

May 30, 2025 - 11:11
May 30, 2025 - 11:15
അബ്ദുറഹീം കൊലപാതകം; കോണ്‍ഗ്രസ്സില്‍ നേതാക്കളുടെ കൂട്ടരാജി

മംഗലാപുരം: കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് 200-ല്‍ അധികം കോണ്‍ഗ്രസ് മുസ്ലീം നേതാക്കള്‍ കൂട്ടരാജി വെച്ചു. പള്ളി കമ്മിറ്റി സെക്രട്ടറിയായിരുന്ന അബ്ദുള്‍ റഹീം കൊലപാതകം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയില്‍ പ്രതിഷേധിച്ചാണ് രാജി. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം എസ് മുഹമ്മദ്, ദക്ഷിണ കന്നട ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് എന്നിവരുള്‍പ്പെടെയുള്ളവരാണ് രാജി വെച്ചത്. ബണ്ട്വാളില്‍ നടന്ന അബ്ദുള്‍ റഹീമിന്റെ കൊലപാതകത്തോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ച രീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. കൊലപാതക വിവാദം ആളിക്കത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചതിന് ഷാഹുല്‍ ഹമീദിന് മറ്റ് പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു. ഈ എതിര്‍പ്പിനെത്തുടര്‍ന്നാണ് അദ്ദേഹം രാജി വെക്കാന്‍ നിര്ബന്ധിതനായത്. യോഗം പിന്നീട് വാക്ക്പോരിലേക്കും പ്രതിഷേധങ്ങളിലേക്കും വഴിവെക്കുകയായിരുന്നു. തുടര്‍ന്ന് ഷാഹുല്‍ ഹമീദിനൊപ്പം നിരവധി മുസ്ലീം കോര്‍പ്പറേറ്റര്‍മാരും, ജില്ലാ പഞ്ചായത്ത് അംഗങ്ങളും, എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കളും രാജിവെച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലേക്ക് മടങ്ങില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അതേസമയം, ഔദ്യോഗികമായി രേഖാമൂലം ആരും രാജിക്കത്തുകള്‍ സമര്‍പ്പിച്ചിട്ടില്ല. അതേസമയം, ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ താലൂക്കില്‍ നടന്ന അബ്ദുള്‍ റഹീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യാഴാഴ്ച അറിയിച്ചു. സാമുദായിക കലാപം തടയുന്നതിനുള്ള ഒരു ദൗത്യസേനയെ നിയോഗിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മെയ് 26-നാണ് പിക്കപ്പ് ഡ്രൈവറും പ്രാദേശിക പള്ളിയുടെ സെക്രട്ടറിയുമായ അബ്ദുറഹീമിനെ, ബണ്ട്വാള്‍ താലൂക്കിലെ ഇറാ കോടിക്ക് സമീപം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0