ഹിജാബ് വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ 

May 14, 2026 - 16:46
ഹിജാബ് വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ 

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടിയെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്വാഗതം ചെയ്‌തു. കർണാടക സർക്കാരിന്റെ ഈ തീരുമാനം രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും പാരമ്പര്യത്തെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ഹിജാബ് നിരോധനം നടപ്പിലാക്കിയ ഘട്ടം മുതൽ തന്നെ ഉത്തരവാദിപ്പെട്ടവരെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രി, ന്യൂനപക്ഷ ക്ഷേമ മന്ത്രി, സ്പീക്കർ എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം സന്ദർശിച്ച ദേശീയ നേതാക്കളുമായും കർണാടക മന്ത്രിയുമായും വിഷയം ചർച്ച ചെയ്യുകയും അപ്പോൾ തന്നെ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായി കാന്തപുരം വെളിപ്പെടുത്തി.

സമത്വം, അന്തസ്സ്, സാഹോദര്യം, വിദ്യാഭ്യാസ അവകാശം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയും ‘നാനാത്വത്തിൽ ഏകത്വം’ എന്ന രാജ്യത്തിന്റെ പാരമ്പര്യത്തെയും ഉൾക്കൊള്ളുന്നതാണ് പുതിയ ഉത്തരവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ വിരുദ്ധവും വിദ്യാഭ്യാസ അവകാശത്തെ നിഷേധിക്കുന്നതുമായ മുൻ സർക്കാർ നിലപാട് തിരുത്താൻ തയ്യാറായ കർണാടക ഭരണകൂടത്തെ അദ്ദേഹം അഭിനന്ദിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0