തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ പ്രഖ്യാപനങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

Feb 20, 2026 - 14:14
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ പ്രഖ്യാപനങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന സൗജന്യ പ്രഖ്യാപനങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ തകർക്കുമെന്നും വോട്ടിന് വേണ്ടിയുള്ള വെറും പ്രീണന നയങ്ങൾ മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്. സംസ്ഥാന സർക്കാരുകൾ ജനങ്ങളെ അലസരാക്കുന്ന ഇത്തരം സൗജന്യ പദ്ധതികളിൽ നിന്ന് പിന്മാറി ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. തമിഴ്നാട് വൈദ്യുതി റെഗുലേറ്ററി കമ്മീഷനുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ പരാമർശങ്ങൾ നടത്തിയത്. 

അർഹരായവരെയും അനർഹരായവരെയും വേർതിരിക്കാതെ എല്ലാവർക്കും സൗജന്യങ്ങൾ നൽകുന്നത് കേവലം രാഷ്ട്രീയ പ്രീണനമാണ്. ഇത് പൊതുഖജനാവിനെ വലിയ കടക്കെണിയിലേക്ക് തള്ളിവിടും. റവന്യൂ കമ്മിയുള്ള സംസ്ഥാനങ്ങൾ പോലും ശമ്പളം നൽകുന്നതിനും സൗജന്യങ്ങൾ വിതരണം ചെയ്യുന്നതിനുമാണ് മുൻഗണന നൽകുന്നത്. റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ പണമില്ലാത്ത അവസ്ഥയാണിവിടെ. സൗജന്യ ഭക്ഷണം, സൈക്കിൾ, വൈദ്യുതി, പണം എന്നിവ നേരിട്ട് അക്കൗണ്ടുകളിൽ എത്തിക്കുന്നത് ജനങ്ങളുടെ തൊഴിൽ ചെയ്യാനുള്ള താത്പര്യത്തെ ബാധിക്കുമെന്ന് സംശയമുണ്ടെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. സർക്കാരുകൾ വിതരണം ചെയ്യുന്നത് നികുതിദായകന്റെ പണമാണെന്നും അത് നാടിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കായി ഉപയോഗിക്കേണ്ടതാണെന്നും കോടതി ഓർമ്മിപ്പിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0