കർണാടകയിലെ പുതിയ മൂന്ന് ടോൾ പ്ലാസകൾക്കെതിരെ വ്യാപക പ്രതിഷേധം; നിയമങ്ങൾ ലംഘിക്കുന്നതായി ആരോപണം

Feb 8, 2026 - 12:47
Feb 8, 2026 - 12:49
കർണാടകയിലെ പുതിയ മൂന്ന് ടോൾ പ്ലാസകൾക്കെതിരെ വ്യാപക പ്രതിഷേധം; നിയമങ്ങൾ ലംഘിക്കുന്നതായി ആരോപണം

മംഗ്ലൂർ: ദക്ഷിണ കന്നഡ ജില്ലയിലെ ദേശീയ പാതകളിൽ പുതുതായി മൂന്ന് ടോൾ പ്ലാസകൾ കൂടി സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പൊതുജനരോഷത്തിന് ഇടയാക്കുന്നു. നിലവിലുള്ള ടോൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് സർക്കാരിന്റെ ഈ നടപടിയെന്ന് 'ടോൾ ഗേറ്റ് വിരുദ്ധ സമര സമിതി' ആരോപിച്ചു. ദേശീയ പാതാ ഫീ നിയമം (2008) അനുസരിച്ച്, രണ്ട് ടോൾ പ്ലാസകൾ തമ്മിൽ കുറഞ്ഞത് 60 കിലോമീറ്റർ അകലം ഉണ്ടായിരിക്കണം. എന്നാൽ ജില്ലയിൽ നിർമ്മിക്കുന്ന പുതിയ പ്ലാസകൾ ഈ നിയമം പൂർണ്ണമായും ലംഘിക്കുന്നതായി സമരക്കാർ ചൂണ്ടിക്കാട്ടുന്നു.

ഗഞ്ചിമഠം NH 169 ബ്രഹ്മറകൂട്ട്‌ലു പ്ലാസയിൽ നിന്ന് 33 കിലോമീറ്ററും, തലപ്പാടിയിൽ നിന്ന് 34 കിലോമീറ്ററും മാത്രം അകലെയാണ്. വാലാലു NH 75 ഉപ്പിനങ്ങാടിക്ക് സമീപമുള്ള ഈ പ്ലാസയും ബ്രഹ്മറകൂട്ട്‌ലുവും തമ്മിലുള്ള ദൂരം വെറും 35 കിലോമീറ്റർ മാത്രം. പനാപില NH 73 ബ്രഹ്മറകൂട്ട്‌ലു പ്ലാസയിൽ നിന്ന് ഇതിലേക്കുള്ള ദൂരം വെറും 27 കിലോമീറ്ററാണ്.

ജില്ലയിലെ ആകെ ടോൾ പ്ലാസകളുടെ എണ്ണം ആറായി ഉയരുന്നത് വ്യാപാര-വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കും. ചരക്ക് ഗതാഗത ചിലവ് വർദ്ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് സമര സമിതി ആശങ്ക അറിയിച്ചു. റോഡ് പണി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പണം പിരിക്കാനിറങ്ങുന്നത് സാധാരണക്കാരെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നാണ് ഉയരുന്ന ആക്ഷേപം.

ടോൾ ആരംഭിക്കുന്നതിന് മുമ്പ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടം പൊതുജനങ്ങളുടെ പരാതികൾ കേൾക്കണമെന്നും കാസർഗോഡ് ജില്ലയിലുള്ള അരിക്കാടി ടോൾ നിയമവിരുദ്ധമെന്ന് കണ്ട് റദ്ദാക്കിയത് പോലെ ഇവിടെയും പിന്തുടരണമെന്നും സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ, 2026 മാർച്ചിൽ മൂന്ന് പ്ലാസകളിൽ നിന്നും ഒരേസമയം മംഗളൂരുവിലെ എൻ.എച്ച്.എ.ഐ (NHAI) ഓഫീസിലേക്ക് ബഹുജന പദയാത്ര നടത്തുമെന്നും അനിശ്ചിതകാല ധർണ്ണ ആരംഭിക്കുമെന്നും സമിതി പ്രഖ്യാപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0