ഡൽഹിയിൽ ബുൾഡോസർ രാജ്; മസ്ജിദിന് സമീപമുള്ള കെട്ടിടം പൊളിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിൽ സയ്യിദ് ഫൈസെ ഇലാഹി മസ്ജിദിന്റെയും ഖബർസ്ഥാനിന്റെയും സമീപമുള്ള ഭൂമിയിലെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി ബി ജെ പി സർക്കാർ. കെട്ടിടങ്ങൾ കൈയേറ്റമെന്നാരോപിച്ച് ഇന്നലെ പുലർച്ചെ 1.30ന് ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ മുന്നൂറോളം ഉദ്യോഗസ്ഥരും തൊഴിലാളികളുമാണ് 30 ബുൾഡോസറുകളും 50 ട്രക്കുകളുമായെത്തി പൊളിച്ചുനീക്കിയത്. പ്രതിഷേധിച്ച നാട്ടുകാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കോടതിയുടെ നിർദേശപ്രകാരമാണ് പൊളിച്ചുനീക്കൽ നടത്തിയതെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടായിട്ടില്ലെന്നും ഡൽഹി പോലീസ് മേധാവി അവകാശപ്പെട്ടു.
റോഡിന്റെ ഭാഗങ്ങൾ, നടപ്പാത, പാർക്കിംഗ് ഏരിയ, സ്വകാര്യ ഡയഗ്‌നോസ്റ്റിക് സെന്റർ എന്നിവയാണ് കൈയേറ്റങ്ങളിൽ ഉൾപ്പെടുന്നതെന്നാണ് അധികൃതർ പറയുന്നത്. 0.195 ഏക്കർ ഭൂമിയിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇതിന് അപ്പുറമുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ബാധ്യസ്ഥരാണെന്നും മസ്ജിദിന്റെ മാനേജിംഗ് കമ്മിറ്റിയോ ഡൽഹി വഖഫ് ബോർഡോ ഭൂമിയുടെ ഉടമസ്ഥാവകാശമോ നിയമപരമായ കൈവശാവകാശമോ സ്ഥാപിക്കുന്നതിന് യാതൊരു രേഖയുമുളള തെളിവും ഹാജരാക്കിയിട്ടില്ലെന്നും നേരത്തെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ പറഞ്ഞിരുന്നു. മൂന്ന് മാസത്തിനുള്ളിൽ തുർക്ക്മാൻ ഗേറ്റിന് സമീപത്ത റാംലീല മൈതാനിയിലെ 38,940 ചതുരശ്രയടി വരുന്ന അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ നവംബറിൽ ഡൽഹി ഹൈക്കോടതി ഡൽഹി മുനിസിപ്പൽ കോർപറേഷനും പൊതുമരാമത്ത് വകുപ്പിനും നിർദേശം നൽകിയിരുന്നു. പൊളിക്കാനുള്ള ഭാഗങ്ങൾ ജനുവരി ഒന്നിന് അടയാളപ്പെടുത്തിയതിനെ തുടർന്ന് മസ്ജിദ് മാനേജിംഗ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്റ്റേ ആവശ്യം തള്ളി മണിക്കൂറുകൾക്കകമാണ് പൊളിച്ചുനീക്കലുണ്ടായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



