വിവാഹ മോചന നടപടികളില്‍ ഫോണ്‍ സംഭാഷണം തെളിവായി ഉപയോഗിക്കാം: സുപ്രീംകോടതി

Jul 14, 2025 - 14:31
വിവാഹ മോചന നടപടികളില്‍ ഫോണ്‍ സംഭാഷണം തെളിവായി ഉപയോഗിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തുന്ന നടപടികളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് തെളിവായി ഉപയോഗിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സുപ്രീംകോടതി ഇടപെടല്‍. പങ്കാളിയുടെ അറിവില്ലാതെ അവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടേയും മൗലികാവകാശത്തിന്റേയും ലംഘനമാണെന്നും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നുമാണ് പഞ്ചാബ് -ഹരിയാന ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് സുപ്രീംകോടതിയുടെ വിധി. പങ്കാളികള്‍ തമ്മില്‍ നിയമ പോരാട്ടം നടക്കുമ്പോഴോ ഒരാള്‍ മറ്റൊള്‍ക്കെതിരെ ചെയ്ത കുറ്റകൃത്യത്തിന് വിചാരണ നേരിടുമ്പോഴോ ഒഴികെ ദാമ്പത്യ ആശയവിനിമയങ്ങള്‍ സമ്മതമില്ലാതെ വെളിപ്പെടുത്തരുതെന്നാണ് തെളിവു നിയമത്തിലെ 122 വകുപ്പു പറയുന്നത്. എന്നാല്‍ പങ്കാളിയുടെ ഈ അവകാശമാണെന്ന് കരുതാനാവില്ലെന്നും നീതിപൂര്‍വകമായ വിചാരണയ്ക്കുള്ള അവകാശത്തോടു ചേര്‍ത്തു വച്ചു വേണം ഇതിനെ കാണാനെന്നും കോടതി പറഞ്ഞു. 1995ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 പ്രകാരമുള്ള വിവാഹമോചന കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭാര്യയുടെ ക്രൂരത തെളിയിക്കുന്നതിനായി ഫോണ്‍ റെക്കോര്‍ഡ് ചെയ്ത രേഖകള്‍ വിവാഹ മോചന സമയത്ത് കുടുംബ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തന്റെ സമ്മതമില്ലാതെയാണ് റെക്കോര്‍ഡിങ് നടത്തിയതെന്നും അത് തെളിവായി സ്വീകരിക്കുന്നത് സ്വകാര്യതയെയും മൗലികാവകാശത്തേയും ഹനിക്കുന്നതുമാണെന്ന് വാദിച്ച് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഭാര്യക്ക് അനുകൂല വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0